ക്യാൻസർ എന്ന ഭീകര രോഗം വന്ന ഏതൊരാൾക്കും വലിയ മോട്ടിവേഷൻ നൽകിയ ആളായിരുന്നു നന്ദു മഹാദേവ. അതിജീവനം എന്ന സംഘടനയുടെ അമരക്കാരനായിരുന്നു നന്ദു മഹാദേവ എന്ന് തന്നെ വേണമെങ്കിൽ പറയാം. ഒരു പുഞ്ചിരി കൊണ്ട് ക്യാൻസർ എന്ന രോഗത്തെ കീഴടക്കാൻ ശ്രമിച്ച ആ ചെറുപ്പക്കാരൻ യഥാർത്ഥ പോരാളിയായിരുന്നു.പലപ്പോഴും പല ഫേസ്ബുക്ക് പോസ്റ്റുകളും എഴുതുമ്പോഴും അവൻ വേദനയാൽ വല്ലാതെ നീറുന്നുണ്ടായിരുന്നു. ആ വേദനയ്ക്കിടയിലും തൻറെ മുഖത്ത് ഒരു ചിരി ഒളിപ്പിച്ചുവെച്ച് തന്റെ ശരീരത്തിന്റെ വേദനയെ മറക്കാൻ ശ്രമിക്കുകയായിരുന്നു. പല ആളുകൾക്കും പ്രചോദനമായ ഒരു ചെറുപ്പക്കാരൻ. ഇന്നവൻ വിധിക്ക് മുൻപിൽ കീഴടങ്ങിരിക്കുകയാണ്.
ആദ്യമായിരിക്കും ഒരിക്കൽ പോലും കാണാത്ത ഒരാൾക്ക് വേണ്ടി എല്ലാവരുടെയും ഹൃദയം ഒന്ന് വിങ്ങുന്നത്. കാരണം അത്രയ്ക്ക് ഇഷ്ടമായിരുന്നു നന്ദു മഹാദേവൻ എന്ന ചെറുപ്പക്കാരനെ എല്ലാവർക്കും. അവന്റെ വേദനയിൽ കരയാൻ ഒരുപാട് ആളുകൾ ഉണ്ടായിരുന്നു.ഒരിക്കൽപോലും കണ്ടിട്ടില്ലെങ്കിലും അവനു വേണ്ടി പ്രാർത്ഥിക്കാൻ ഒരുപാട് അമ്മമാർ ഉണ്ടായിരുന്നു. എല്ലാവരുടെയും പ്രാർഥനകൾ വിഫലമാക്കി കൊണ്ട് അവൻ പോയി. മറ്റൊരു ലോകത്തേക്ക്. വേദനകളില്ലാത്ത ഒരു ലോകത്തേക്ക് അവൻ യാത്രയായി. കാൽമുട്ടിൽ വന്ന ഒരു വേദനയായിരുന്നു ആദ്യ ലക്ഷണമായി ശരീരം കാണിച്ചത്. ഡോക്ടറെ കാണിച്ചപ്പോൾ നീര് കെട്ടിക്കിടക്കുന്നത് എന്ന് പറയുകയായിരുന്നു. വീണ്ടും വേദന കലശലായപ്പോൾ ആണ് ഒന്ന് സ്കാൻ ചെയ്യാൻ വേണ്ടി നോക്കുന്നത്.
സ്കാൻ ചെയ്തപ്പോൾ അറിഞ്ഞു ആ മഹാമാരി അവൻറെ ശരീരത്തിൽ ഉണ്ടെന്ന്. പിന്നീട് കാല് മുറിച്ചു കളഞ്ഞിട്ടും കാൻസർ എന്ന രോഗം അവനെ പിടിവിട്ടില്ല. അവൻറെ ശരീരത്തിലെ ഓരോ ഭാഗങ്ങളെയും കീഴടക്കുകയായിരുന്നു ക്യാൻസർ. അവസാന നിമിഷം അവൻറെ ശ്വാസകോശത്തിൽ പോലും ആ രോഗം പിടിമുറുക്കി കഴിഞ്ഞിരുന്നു. വേദനയുമായി മല്ലിടുന്ന സമയത്തും അവൻ ഫേസ്ബുക്കിൽ പോസ്റ്റുകൾ കുറിച്ചിരുന്നു. അങ്ങനെ ആയിരുന്നു അവൻ സന്തോഷം കണ്ടെത്തിയത്. അവസാനനിമിഷം അവൻ പറഞ്ഞ വാക്കുകൾ പോലും ഇപ്പോഴും തരംഗമായി സോഷ്യൽ മീഡിയയിൽ നിൽക്കുന്നുണ്ട്. എല്ലാവർക്കും ഈദ് ആശംസകൾ അറിയിക്കുവാൻ പോലും അവൻ മറന്നിരുന്നില്ല. കുറേ നാളുകളായി നന്ദു മഹാദേവ കിടപ്പിലായിരുന്നു.
കിടന്നു കിടന്ന് ശരീരത്തിൻറെ പുറംഭാഗം പൊട്ടി തുടങ്ങിയിരുന്നു. ഉറക്കം അന്യമായ ദിവസങ്ങൾ നന്നായി ഉറങ്ങാൻ പോലും തനിക്ക് കൊതിയാണ് എന്ന് അവൻ പറഞ്ഞിരുന്നു. ഇപ്പോൾ അവൻ നിത്യമായ ഉറക്കത്തിലാണ്. ഒരു വേദനകളും ഇല്ലാത്ത ലോകത്തിൽ സുഖമായി വാഴുക ആയിരിക്കാം. എങ്കിലും പുനർജന്മം എന്നൊന്നും ഉണ്ടെങ്കിൽ പറയട്ടെ സഹോദരാ ഒരിക്കൽ കൂടി ഈ ഭൂമിയിലേക്ക് നീ ഒന്നുകൂടി പിറക്കു. വേദനകൾ ഇല്ലാതെ ഒരിക്കൽ കൂടി ജീവിക്കു എന്ന് മാത്രം കണ്ണീരോടെ പറയുകയുള്ളൂ. എങ്കിലും മരിച്ചാലും നിങ്ങൾ ഒരു പോരാളി തന്നെയായിരിക്കും. മരണത്തെ ജയിക്കാൻ സാധിച്ചില്ലെങ്കിലും ഓരോ മനസ്സുകളിലും നിങ്ങൾ ജീവിക്കുന്ന പോരാളി തന്നെയായിരിക്കും. ഏറെ വേദനയോടെ ആദരാഞ്ജലികൾ പറയുന്നു സഹോദരാ