ഈ കൊറോണക്കാലത്ത് നന്മ ഒട്ടും ചോരാത്ത കുറെ മനുഷ്യർ ഈ ലോകത്ത് ജീവിച്ചിരിപ്പുണ്ട്. അതുതന്നെയാണ് നമ്മുടെ കേരളത്തിലെ ഏറ്റവും വലിയ ഗുണം എന്ന് പറയാവുന്നത്. ചില ആളുകൾ എങ്കിലും ചില മാർഗ്ഗങ്ങളിലൂടെ നമ്മുടെ മനസ്സിൽ ഇടം നേടാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അനന്തുവെന്ന ഒരു യുവാവിനെ കുറിച്ചുള്ള വാർത്ത ആണ്. പനിയും ശ്വാസംമുട്ടലും കൊണ്ട് ജീവനുവേണ്ടി പിടയുന്ന ഒരു കുഞ്ഞു ജീവനെ വെറുതെ നോക്കി നിൽക്കാൻ അനന്തുവിന് സാധിച്ചില്ല. പൊന്നോമനയുടെ അവസ്ഥ കണ്ട് പലരും പേടിച്ച് ഒരു അകലം വിട്ട് മാറി നിന്ന സമയത്ത് അനന്ദു ഈശ്വരന്റെ കൈകൾ പോലെ ആ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് ആശുപത്രിയിലെത്തിച്ചത്.
ഒരിക്കലും പേരിനും പ്രശസ്തിക്കും വേണ്ടി ആയിരുന്നില്ല അയാൾ അത് ചെയ്തത്. അയാളുടെ ഉള്ളിൽ ഉറഞ്ഞുകൂടിയ മനുഷ്യത്വം മാത്രമായിരുന്നു ആ പ്രവർത്തിക്ക് പിന്നിലുണ്ടായിരുന്നത്. എന്നാൽ ഇത് ലോകം അറിഞ്ഞ നിമിഷം മുതൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടികളോടെയാണ് അനന്ദുവിനെ വരവേൽക്കുന്നത്. കോട്ടയം കടുത്തുരുത്തി കല്ലറയിലായിരുന്നു ഈ സംഭവം നടന്നത്. ശക്തമായ പനിയും ശ്വാസംമുട്ടലും ഉണ്ടായതിനെതുടർന്ന് ജീവനുവേണ്ടി പിടയുന്ന രണ്ടര വയസ്സുകാരി ആണ് ആശുപത്രിയിൽ അനന്തു എത്തിച്ചത്.അനിൽകുമാർ – പ്രിയ ദമ്പതികളുടെ മകളായ വിസ്മയ എന്ന രണ്ടര വയസ്സുകാരി ആണ് പനിയും ശ്വാസതടസ്സവും മൂലം ഏറെ ബുദ്ധിമുട്ട് അനുഭവിച്ചത്. ഇത് കണ്ട ഉടനെ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് ആശുപത്രിയിലേക്ക് ഓടുകയായിരുന്നു അനിൽകുമാറിന്റെ വീടിൻറെ സമീപത്ത് മത്സ്യം വാങ്ങാൻ വേണ്ടി എത്തിയ അനന്ദു എന്ന ചെറുപ്പക്കാരൻ. കുഞ്ഞിന് പനി കൂടി അവശനിലയിലായതും എന്തുചെയ്യണമെന്നറിയാതെ അമ്മ പ്രിയയും വല്യമ്മയും സഹായത്തിനായി ഉറക്കെ നിലവിളിച്ചു കരഞ്ഞു.
നാട്ടുകാർ ഓടിക്കൂടി. പക്ഷേ കോവിഡ് കാരണം സഹായിക്കാൻ എല്ലാവർക്കും മടി. സഹായിക്കണം എന്ന് മനസ്സിൽ ആഗ്രഹം ഉണ്ടെങ്കിലും ആരും മുന്നോട്ടു വന്നില്ല. അപ്പോഴാണ് രക്ഷകനായി അനന്ദു വീട്ടിലേക്ക് ഓടി എത്തുന്നത്. കുഞ്ഞിന്റെ നില വളരെ മോശമാണെന്ന് കണ്ട് ആരും കുഞ്ഞിനെ സഹായിക്കാൻ ഇല്ലെന്ന് മനസിലാക്കി. അനന്ദു നെഞ്ചിലേക്ക് കുഞ്ഞിനെ ചേർത്ത് ആശുപത്രിയിലേക്ക് ഓടുകയായിരുന്നു. ആ സമയത്ത് അയാൾ കോവിഡിനെ ഭയന്നില്ല. നേരെ ആരോഗ്യ കേന്ദ്രത്തിൽ കുഞ്ഞിനെ എത്തിച്ചു. ഉടൻതന്നെ കുഞ്ഞിനു പ്രാഥമികമായ ചികിത്സ നൽകി. പിന്നീട് ഡോക്ടർ ആംബുലൻസ് വിളിച്ച് മറ്റൊരു ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.
കോവിഡിനെ ഭയന്ന് ആ കുഞ്ഞു ജീവൻ പോലും രക്ഷിക്കാൻ കഴിയാതെ വെറും കാഴ്ചക്കാരായി നാട്ടുകാർ നിന്നപ്പോൾ കുഞ്ഞിനെ ഓടിയെത്തി വാരിയെടുത്ത് നെഞ്ചോട് ചേർത്ത് അനന്ദു എന്ന ചെറുപ്പക്കാരൻ ചെയ്തത് നാടിനും നന്മ വരുന്ന ഒരു കാര്യം തന്നെയായിരുന്നു. ഒരുപക്ഷേ അനന്ദു ആ നേരം അങ്ങനെ പ്രവർത്തിച്ചില്ലയിരുന്നുവെങ്കിൽ ആ കുഞ്ഞിനെ തന്നെ നഷ്ടമായേക്കാം. ഒരു കുഞ്ഞു ജീവനു മുന്നിൽ കോവിഡ് ഒന്നുമല്ല എന്നായിരുന്നു അനന്ദു വിളിച്ചുപറഞ്ഞത്. അതിൻറെ പേരിൽ തനിക്ക് അസുഖം വരുന്നെങ്കിൽ അത് വന്നാലും തന്റെ മനുഷ്യത്വം പണയം വയ്ക്കുവാൻ കഴിയില്ല എന്ന് തെളിയിച്ച ഈ ചെറുപ്പക്കാരൻ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ മിന്നുന്ന താരം.